Wednesday 13 June 2018

E.M.S NAMPOOTHIRIPPADU

ഇ.എം.എസ്


_____________________________
ഏലംകുളം മനക്യ്കൽ ശങ്കരൻ നമ്പൂതിരിപ്പാട്‌ അഥവാ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌ 
 ജൂൺ 13, 1909പെരിന്തൽമണ്ണ - മാർച്ച് 19, 1998തിരുവനന്തപുരം) ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ തലവനെന്ന നിലയിലും അറിയപ്പെടുന്നു. ചരിത്രകാരൻ, മാർക്സിസ്റ്റ്‌ തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ്‌ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്‌.


സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ തന്നെ എഴുത്തിന്റെ ലോകത്തിലേക്കു കടന്നിരുന്നു. കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്കു കടന്നു. പിന്നീട് കോൺഗ്രസ്സിലെ ഇടതു പക്ഷക്കാർ ചേർന്ന് ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിരൂപീകരിച്ചു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്ന പാറപ്പുറം സമ്മേളനത്തിൽ പങ്കെടുത്ത് കമ്മ്യൂണിസ്റ്റായി. കേരളസംസ്ഥാനത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി. കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായപ്പോൾ സി.പി.ഐ.എമ്മിന്റെയൊപ്പം നിന്നു. സി.പി.ഐ(എം) ദേശീയ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.

ആശയങ്ങൾ രൂപീകരിക്കുന്നതിലും, അത് പ്രയോഗത്തിൽ വരുത്തുന്ന കാര്യത്തിലും പുതിയ കേരളത്തിന്റെ ശിൽപികളിലൊരാളായി ഇ.എം.എസ്സിനെ കണക്കാക്കപ്പെടുന്നു. ജനകീയാസൂത്രണ പദ്ധതിയുടെ മുൻനിരക്കാരിലൊരാൾ കൂടിയായിരുന്ന ഇ.എം.എസ്സ് 1998 മാർച്ച് 19-ന് തന്റെ 89-ആം വയസ്സിൽ അന്തരിച്ചു.

*ജനനം*

1909 ജൂൺ 13-ന് (1084 ഇടവം 30) ഇന്നത്തെ മലപ്പുറം ജില്ലയിൽപെരിന്തൽമണ്ണയ്ക്കടുത്ത് കുന്തിപ്പുഴയുടെ തീരത്ത് ഏലംകുളം അംശത്തിലെ ഏലംകുളം ദേശത്ത് ഏലംകുളത്ത് മനയിൽ ജനിച്ചു. പ്രതാപൈശ്വര്യങ്ങളുടെ നടുവിലായിരുന്നു അന്ന് ഏലംകുളം മന. അക്കാലത്ത് മനക്കലേക്ക് അമ്പതായിരം പറ നെല്ല് പാട്ടമായി കിട്ടിയിരുന്നു . ഇല്ലത്തിന്റെ പേരും പ്രശസ്തിയും മൂലം ആ ദേശം തന്നെ ഏലംകുളം എന്ന പേരിൽ അറിയപ്പെട്ടു. ഇ.എം.എസ് ജനിക്കുമ്പോൾ ആ തറവാട്ടിലേക്ക് ഏതാണ്ട് അമ്പതിനായിരം പറ നെല്ല് പാട്ടമായി ലഭിക്കുമായിരുന്നു. പിന്നീട് ആ ഗ്രാമത്തിലേക്ക് ബസ് സർവീസും, കാറും, ആധുനിക പരിഷ്കാരവും എല്ലാം കൊണ്ടുവന്നത് ഈ ഏലംകുളം മനക്കാരായിരുന്നു. ഒട്ടേറെ ദൈവങ്ങളുടേയും, ഭഗവതിമാരുടേയും ആസ്ഥാനമായിരുന്നു ഏലംകുളം മന അക്കാലത്ത്. ദേശത്തെ ജനജീവിതം ഇത്തരം ഇല്ലങ്ങളുടെ വരുതിയിലായിരുന്നു.  പിതാവ് പരമേശ്വരൻ നമ്പൂതിരിപ്പാട്, മാതാവ് വിഷ്ണുദത്ത അന്തർജനം. വിഷ്ണുദത്തയിൽ പരമേശ്വരൻ നമ്പൂതിരിപ്പാടിനുണ്ടായ നാലാമത്തെ സന്തതിയായിരുന്നു ശങ്കരൻ. ‘കുഞ്ചു‘ എന്ന ഓമനപ്പേരിലാണ്‌ ശങ്കരൻ അറിയപ്പെട്ടിരുന്നത്. വിഷ്ണുദത്ത ആദ്യം പ്രസവിച്ച രണ്ടുമക്കൾ മരിച്ചു,പിന്നെ ജനിച്ച കുട്ടിക്ക് വേണ്ടത്രം മാനസിക വളർച്ച ഇല്ലായിരുന്നു.

*ബാല്യം*

കടുത്ത യാഥാസ്ഥിതിക കുടുംബത്തിന്റെ അന്തരീക്ഷത്തിലാണ് ശങ്കരൻ വളർന്നത്. അഷ്ടഗൃഹത്തിലാഢ്യർ എന്ന ഉയർന്ന തറവാട്ടു മഹിമയുള്ളവരായിരുന്നു അവർ. തറവാട്ടുവകയായ ക്ഷേത്രങ്ങൾ മാത്രമല്ല മറ്റനേകം ക്ഷേത്രങ്ങളിലേയും തന്ത്രിമാരായിരുന്നു അദ്ദേഹത്തിന്റെ മനയിലെ അംഗങ്ങൾ. അവിടെ നിത്യവും പൂജയും മറ്റു കർമ്മങ്ങളും നടന്നു. ഓർമ്മ വയ്ക്കാറാവുന്നതിനു മുമ്പേ അച്ഛൻ പരമേശ്വരൻ നമ്പൂതിരി മരിച്ചു. അച്ഛന്റെ സ്ഥാനത്ത് അമ്മയാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്.ആ കുടുംബത്തിലെ നാലാമത്തെ സന്താനമായിരുന്നു ശങ്കരൻ. മൂത്ത രണ്ടു കുഞ്ഞുങ്ങൾ ബാല്യം കടക്കുന്നതിനു മുന്നേ തന്നെ മരിച്ചു പോവുകയും മൂന്നാമത്തെ കുട്ടി ബുദ്ധിപരമായി വളർച്ച പ്രാപിക്കാതിരിക്കുകയും ചെയ്തതിനാൽ വളരെയധികം വാത്സല്യത്തോടെയാണ് ശങ്കരനെ അമ്മ വളർത്തിയത്. ആചാരങ്ങൾ സൃഷ്ടിച്ച ധാരാളം പ്രതിസന്ധികൾ ഇല്ലത്തുണ്ടായിരുന്നു. ബാലൻ ആയിരുന്ന കാലത്തുപോലും ഇത്തരം ആചാരങ്ങളും അനുഷ്ഠാനങ്ങളും ശങ്കരനു പിന്തുടരേണ്ടി വന്നു.. ഇരിക്കണമ്മമ്മാർ എന്ന വാല്യക്കാരത്തികൾ ആണ് അക്കാലത്ത് ശങ്കരന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. പഠിപ്പിനായിട്ടുള്ള കാര്യങ്ങൾക്ക് പുറമേ ആയുസ്സ് വർദ്ധിപ്പിക്കാനായി തറവാട്ടിന് തൊട്ടടുത്തുള്ള ശിവക്ഷേത്രത്തിൽ നിത്യദർശനം നിർബന്ധമാക്കിയിരുന്നു. പന്ത്രണ്ട് വയസ്സു വരെ ഇത് തുടർന്നു. പരമേശ്വരൻ കൂടാതെ അച്ഛൻ രണ്ടാം ഭാര്യയിൽ ജനിച്ച രാമൻ, ബ്രഹ്മദത്തൻ, ദേവകി, പാർവതി എന്നീ സഹോദരങ്ങളും ശങ്കരന്നുണ്ടായിരുന്നു.

*വിദ്യാഭ്യാസം*

മീറ്റ്ന അച്യുതവാര്യർ എന്നയാളാണ് ശങ്കരനെ നിലത്തെഴുത്തു പഠിപ്പിച്ചത്. അഞ്ചാമത്തെ വയസ്സിലായിരുന്നു ഇത്. നമ്പൂതിരി കുടുംബങ്ങളിലെ പതിവിൽനിന്നു വിഭിന്നമായി ശങ്കരനെ പഠിപ്പിക്കാൻ ഒരു സ്കൂൾ അദ്ധ്യാപകനെ ഏർപ്പാട് ചെയ്തു. എങ്കിലും പിന്നീട് എഴുത്ത്, വായന, കണക്ക് എന്നീ രീതി വിട്ട് ശങ്കരനെ സംസ്കൃതം പഠിപ്പിക്കാൻ തുടങ്ങി. കുടുംബ പൂജാരിയായിരുന്ന പള്ളിശ്ശേരി അഗ്നിത്രാതൻ നമ്പൂതിരിയാണ് അദ്ദേഹത്തെ പഠിപ്പിച്ചത്. സംസ്കൃതവും മലയാളവും നന്നായി വായിക്കാൻ പഠിച്ചു.എന്നിരിക്കിലും ആദ്യമായി മലയാളത്തിൽ എഴുതുന്നത് പതിനാലാമത്ത വയസ്സിലാണ്. എട്ടു വയസ്സിലാണ് ഉപനയനം കഴിഞ്ഞത്. എന്നാൽ ഓത്ത് (ഋഗ്വേദം ഓർത്തു ചൊല്ലിപ്പഠിക്കൽ) തുടങ്ങി അധികം വൈകാതെ ഗുരുനാഥന്റെ അച്ഛൻ മരിച്ചതിനാൽ തുടർന്ന് പഠനം ഗുരുനാഥന്റെ വീട്ടിലാക്കി. കാവ്യനാടകാലങ്കാരങ്ങൾ പഠിച്ച് പണ്ഡിതനാകണം, കടവല്ലൂർ അന്യോന്യത്തിനു പോയി പ്രശസ്തനാകണം തുടങ്ങിയവയായിരുന്നു അമ്മ വിഷ്ണുദത്തയെ സംബന്ധിച്ചിടത്തോളം മകനെക്കുറിച്ചുള്ള സ്വപ്നങ്ങൾ. ജ്യേഷ്ഠൻ വിവാഹിതനായതോടുകൂടി അതേ വരെ അദ്ദേഹം നടത്തിയിരുന്ന സ്കൂൾ വിദ്യാഭ്യാസം നിർത്തി , എലങ്കുളത്തുതന്നെ സ്ഥിരതാമസമാക്കി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാകാത്തതിനാലും , കുറേക്കൂടി ഉയർന്ന വിദ്യാഭ്യാസനിലവാരം വേണം എന്ന ആഗ്രഹം ഉള്ളതിനാലും വീട്ടിൽ ഒരു ട്യൂട്ടറെ വെച്ച് പഠിപ്പു തുടർന്നു. ഇംഗ്ലീഷ് , കണക്ക് എന്ന വിഷയങ്ങൾ പഠിക്കാൻ തുടങ്ങിയത് ഈ സമയത്താണ്. രണ്ടോ മൂന്നോ മാസത്തെ ട്യൂഷന്റെ സഹായംകൊണ്ട് ഹൈസ്ക്കൂളിലെ മൂന്നാം ഫോറത്തിലോ , നാലാം ഫോറത്തിലോ ചേരാം എന്ന നിലയിലായി. അങ്ങനെ 1925 ജൂണിൽപെരിന്തൽമണ്ണ ഹൈസ്ക്കൂളിൽ മൂന്നാം ഫോറത്തിൽ ചേർന്നു.മൂന്നാംഫോറത്തിൽ നിന്നും ജയിച്ചപ്പോൾ മറ്റുള്ളവരുടെ എതിർപ്പുകൾ വകവെക്കാതെ ഐഛികവിഷയമായി ചരിത്രം തിരഞ്ഞെടുക്കുകയായിരുന്നു. ഭാവിയിൽ ഒരു രാഷ്ട്രീയക്കാരനായി തീരണമെന്ന ഉറച്ചവിശ്വാസമുള്ളതുകൊണ്ടാണ് അന്ന് താൻ ചരിത്രം തന്നെ തിരഞ്ഞെടുത്തതെന്ന് ഇ.എം.എസ്സ് പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്.

പരമേശ്വരൻ നമ്പുതിരിപ്പാടിന്റെ നിര്യാണത്തെ തുടർന്ന് മനയ്ക്കലെ കാര്യങ്ങൾ നോക്കി നടത്താൻ പ്രായമുള്ള ആരും ഇല്ലാതായതിനെത്തുടർന്ന് ഇല്ലം നോക്കി നടത്താൻ അകന്ന ഒരു ബന്ധുവിനെ ആശ്രയിക്കേണ്ടതായി വന്നു. അച്ഛൻ പരമേശ്വേരൻ നമ്പൂതിരിപ്പാടിന്റെ സഹോദരീപുത്രൻ കൊച്ചീരാജ്യത്തെഇരിങ്ങാലക്കുടയിലെ മേച്ചേരി ഇല്ലത്തെ നാരായണൻ നമ്പൂതിരിപ്പാടായിരുന്നു ആ ബാദ്ധ്യത ഏറ്റത്. മേച്ചേരി ഏട്ടൻ എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹം പരിഷ്കൃത മനസ്സുള്ളവനും ദേശീയ പ്രസ്ഥാനത്തിലും പൊതുകാര്യങ്ങളിലും താല്പര്യമുള്ളയാളുമായിരുന്നു. ഇത് ഇല്ലത്തെ ജീവിത സമ്പ്രദായങ്ങളിൽ മാറ്റങ്ങൾ വരുത്താനിടയായി. പത്രമാസികൾ വരുത്തുക, ഇല്ലത്ത് അഭ്യസ്തവിദ്യരും പൊതുകാര്യപ്രസക്തരുമായ സുഹൃത്തുക്കൾക്ക് ആതിഥ്യമരുളുക തുടങ്ങിയ പുതുമകൾ പലതും തുടങ്ങി. ഇത് ഇ.എം.എസിലും മാറ്റങ്ങൾ വരുത്തി.*


*കമ്മ്യൂണിസം കവാടം*

ഗുരുനാഥന്റെ വീട് ഒരു ജന്മി ഗൃഹമായിരുന്നു. ആംഗലേയ വിദ്യാഭ്യാസം നമ്പൂതിരി ഇല്ലങ്ങളിൽ നിഷിദ്ധമായിരുന്നു. എങ്കിലും അതിന്റെ ആവശ്യകതക മനസ്സിലാക്കാൻ എല്ലാവരും തുടങ്ങിയിരുന്നു. ഈ കാലഘട്ടത്തിലാണ് നമ്പൂതിരി വിദ്യാർത്ഥികൾക്കുവേണ്ടി തൃശ്ശൂരിനടുത്ത് ഒല്ലൂരിനടുത്തുള്ള എടക്കുന്നിയിൽ ഒരു ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചത്. കാരണവർമാർ എതിർത്തിരുന്നെങ്കിലും പലരും അത് പഠിക്കാൻ മുതിർന്നു. മേച്ചേരി ഏട്ടന്റെ സഹായത്തോടെ അദ്ദേഹവും ‘മ്ലേച്ഛഭാഷ’യായി കരുതപ്പെട്ടിരുന്ന ഇംഗ്ലീഷ് പഠിച്ചു. ഹൈസ്ക്കൂൾ പഠനകാലത്ത് ശങ്കരൻ അങ്ങാടിപ്പുറത്തു നടന്ന യോഗക്ഷേമ സഭയുടെ ഇരുപതാം സമ്മേളനത്തിൽ സന്നദ്ധപ്രവർത്തകനായി പങ്കെടുക്കുകയുണ്ടായി. സ്കൂൾ വിദ്യാഭ്യാസകാലഘട്ടത്തിൽ തന്നെ സാമൂഹിക പ്രവർത്തനങ്ങളോടുള്ള താത്പര്യം ആ കുട്ടിയിൽ ഉദയംകൊണ്ടിരുന്നു.

ഖിലാഫത്ത് സമരകാലത്ത് ലഹളയെ ഭയന്ന് അകലെയുള്ള ബന്ധുവീട്ടിലാണ് കുറേകാലം ശങ്കരൻ കഴിഞ്ഞിരുന്നത്. ഇക്കാലത്ത് പട്ടണപ്പരിഷ്കാരത്തിന്റെ സ്വാദറിയാൻ അദ്ദേഹത്തിന് സാധിച്ചു. മാത്രവുമല്ല അന്ന് പുറംലോകത്തു സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്ന നിസ്സഹകരണ പ്രസ്ഥാനം, ഖിലാഫത്ത്, സ്വരാജ് പ്രസ്ഥാനം എന്നിവയെക്കുറിച്ചറിയാനും അവയോട് ആദരവ് വർദ്ധിക്കാനും ഇത് കാരണമാക്കി. ഇതിനിടെ തൃശ്ശൂരില] നമ്പൂതിരി വിദ്യാലയത്തിലെ ആംഗലേയ പഠനം കഴിഞ്ഞെത്തിയ ശങ്കരൻ പെരിന്തൽമണ്ണ ഹൈസ്കൂളിൽ ചേർന്നു. മൂന്നാം ഫാറത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു.

നാനാജാതിമതസ്ഥരുമായുള്ള ഇടപെടലും സൗഹൃദവും അദ്ദേഹത്തിനു പുതിയ അനുഭവങ്ങൾ നൽകി. ഇതിനകം തന്നിൽ വളർന്നുവന്നിരുന്ന പൊതുകാര്യപ്രസക്തനെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. പഠനമുറിക്ക് പുറത്ത് അദ്ദേഹം പ്രസംഗമത്സരങ്ങൾ, കളികൾ എന്നിവയിൽ പങ്കെടുക്കുകയും ഉപന്യാസം, പ്രസംഗം എന്നിവയെഴുതുകയും ചെയ്യുന്നതിൽ താല്പര്യം കാണിച്ചിരുന്നു. അദ്ദേഹത്തിന് അക്കാലം മുതലേ വിക്ക് ഉണ്ടായിരുന്നുവെങ്കിലും അതൊരു പ്രശ്നമായി അദ്ദേഹം കണക്കിലെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ വഴികാട്ടികളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് എം.പി. ഗോവിന്ദമേനോൻ ആയിരുന്നു. അഭിഭാഷക വൃത്തി ഉപേക്ഷിച്ച് നിസ്സഹകരണ പ്രസ്ഥാനത്തിലും ദേശീയപ്രസ്ഥാനത്തിലും സംബന്ധിച്ച വ്യക്തിയായിരുന്നു ഗോവിന്ദമേനോൻ.

No comments:

Featured post

സ്വാതന്ത്ര്യദിന ക്വിസ്

 ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്? 1947 ആഗസ്റ്റ് 15 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച ബ്രിട്ടീഷുകാരൻ? എ ഒ ഹ്യും “രഘുപതി രാഘവ രാജാറാം” എന്ന ...